Trending Books

Wednesday 26 March 2014

പനി











കാടൻ സ്വപ്നങ്ങളുടെ കിടക്കയിൽ
പനി പുതച്ചു കിടക്കുമ്പോൾ
ഉറങ്ങുന്നില്ല
ഉണരുന്നില്ല
ഓർമ്മകൾ,
വെടിയൊച്ച കേട്ട കാക്കക്കൂട്ടമായ്
സ്വസ്ഥതയില്ലാതെ 
ബോധം കറുപ്പിക്കുന്നു

Monday 17 March 2014

നാട്ടുനടപ്പനുസരിച്ചുള്ള ജീവിതം



















































































നാട്ടുനടപ്പനുസരിച്ചാണ് 
ജീവിതം ഇപ്പോഴും പോകുന്നത് 
ഓട്ടോറിക്ഷയിൽ, ലൈൻ ബസ്സിൽ, 
ട്രാൻസ്പോർട്ട് ബസ്സിൽ, 
തീവണ്ടിയിലെ തിരക്കുള്ള 
ജനറൽ കമ്പാർട്ട്മെന്റിൽ 

ഞാൻ തന്നെ രാവിലെയെണീക്കുന്നതും 
പ്രഭാതകൃത്യങ്ങൾ ചെയ്യുന്നതും, കഴിക്കുന്നതും 
തീവണ്ടിയിൽ കയറാൻ ഓടുന്നതും 
എല്ലാം പതിവു പോലെ തന്നെ 

ഇരിക്കാൻ തരപ്പെട്ടാൽ 
ചുറ്റും വേറൊന്നുമില്ലയെന്ന പോൽ 
ചുമ്മാതെയുറങ്ങും 
തരപ്പെട്ടില്ലെങ്കിൽ 
തൂങ്ങി നിന്നുകൊണ്ട് 
അപരിചിതരുടെ ഒഴുക്കു നോക്കും 
അവരിൽ പരിചയക്കാരുടെ 
മുഖം കണ്ടെത്താൻ ശ്രമിക്കും 

ജൂബയിട്ടൊരാൾ 
വി.എസ്സിനെ പോലെ 
മുഖം കനപ്പിച്ചിരിക്കും 
എതിരെയൊരാൾ 
ഈ മരത്തൂണൊന്ന് ദ്രവിച്ചിരുന്നുവെങ്കിൽ 
നല്ല കോൺക്രീറ്റ് തൂണിൽത്തന്നെ 
പാർട്ടിയെ താങ്ങി നിർത്തിയേനെയെന്ന് 
ഉറക്കെ ചിന്തിക്കുന്നത് കേൾക്കാം 

ഇടയിലെ സ്റ്റേഷനിൽ 
പ്‍ളാറ്റ്ഫോം വൃത്തിയാക്കുന്നൊരുവൻ 
ആം ആദ്മിക്കാരനെന്ന് കരുതും 
അവനിലൂടെ ഒരു കെജ്‍രിവാൾ 
തൂത്തുതൂത്ത് പോകുന്നത് നോക്കി നിൽക്കും 

എങ്കിലും ഖദറിട്ടവരൊരിക്കലും 
അവളോട് ഇത്ര ക്രൂരത ചെയ്യ-
രുതായിരുന്നു എന്നൊരു ഖദർധാരി 
എന്നാലും എന്തെല്ലാം ചെയ്തുകാണുമെന്ന് 
അവന്റെയുള്ളിലൊരു ഗോവിന്ദച്ചാമി 
ഒറ്റക്കൈ പൊക്കിനിൽക്കുന്നു 

ഇതിന്നിടയിൽ 
ട്രെയിനിൽ നിന്നാരെങ്കിലും വീഴും 
അര ട്രൌസറിൽ പൊതിഞ്ഞ 
വെളുത്തകാല് കാണാൻ ആളുകൾ കൂടും 
മദാമ്മയെന്ന് വിളിച്ചവളെ 
ഏഷ്യൻ ഭൂഖണ്ഡം കടത്തിവിടും 
എല്ലായിടത്തും 
ചോരയ്ക്ക് ഒരേനിറമെന്ന് ചിന്തിച്ച് നിൽക്കുമ്പോൾ 
മൊബൈലെടുത്ത് ആരെങ്കിലും പടം പിടിക്കും 
നാട്ടുനടപ്പനുസരിച്ച് ഞാനുമെടുക്കുമൊന്ന് 
ട്രൌസറിനിടയിലൂടെ എന്തെങ്കിലും 
കാണാം പറ്റുമോയെന്നും നോക്കും 

ഇറങ്ങാനുള്ള സ്റ്റേഷനിൽ 
മറ്റാരും കയറും മുന്നേ തിരക്ക് പിടിച്ചിറങ്ങും 
പതിവ് പോലെ അല്പം താമസിച്ച് ഓഫീസിലെത്തും 
പണിചെയ്യുമ്പോലെ പണിചെയ്യും 
ഉണ്ണും ഉറങ്ങും 
അല്പം നേരത്തെയിറങ്ങും 
ട്രെയിൽ ലെയ്റ്റല്ലെങ്കിൽ 
സമയത്തിന് വീട്ടിലെത്തും 

പവർക്കട്ടിന്റെ സമയമെങ്കിൽ 
എമർജൻസി വെളിച്ചത്തിൽ 
മീൻകറി കൂട്ടി ചോറുണ്ണൂം 
ഏമ്പക്കം വിടും 

ഉറങ്ങും മുൻപേ 
മൊബൈലെടുത്ത് ആ പെണ്ണിന്റെ 
പടം ഒന്നുകൂടെ കാണും 
ശ്ശേ! കാര്യമായ് ഒന്നും 
കാണാനില്ലെന്ന് ദേഷ്യപ്പെട്ട് 
അടുത്ത തവണ എല്ലാം കാണുന്ന 
ആംഗിളിൽ തന്നെ പടം എടുക്കണമെന്നുറപ്പിച്ച് 
അലാറം വെച്ച് കിടന്നുറങ്ങും

Tuesday 11 March 2014

സൌഹൃദം



















സൌഹൃദങ്ങൾ,
ചെടികളെ പോലെയാണ്
അവ നടുന്നത് മണ്ണിലല്ല 
ഹൃദയങ്ങളിലാണെന്ന് മാത്രം
അവിടെനിന്നും ദേഹം മുഴുവൻ
പടരുന്ന ഞരമ്പുകളാണ് 
അവയുടെ വേരുകൾ

അതുകൊണ്ടാണ് വേരുറച്ചുപോയ
ചിലത് പിഴുതു മാറ്റുമ്പോൾ
കഠിനമായ് വേദനയെടുക്കുന്നതും
ചോര പൊടിഞ്ഞു നീറുന്നതും

Tuesday 4 March 2014

വിത്ത്















കല്ലറകളുടെ കാവലില്ലാതെ 
എന്നെയും നിന്നെയും 
വിത്തുകളെ പോലെ 
വെറും മണ്ണിൽ 
കുഴിച്ചിടാൻ പറയണം 

മഴ പെയ്യുമ്പോൾ നമ്മുടെ
വിരലുകൾ വേരുകളാകും, 
കൈകൾ ശിഖരങ്ങളാകും 
നമ്മൾ മരങ്ങളായ് വളരും

കാതലുള്ളൊരു തലമുറ 
വളരുമെന്ന് ഇനിയെങ്കിലും 
നമുക്ക് സ്വപ്നം കാണാം

Saturday 1 March 2014

ഉറക്കഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച കൂട്ടുകാരിയുടെ ഓർമ്മകളുള്ള മാർച്ച് മാസങ്ങൾ













ഒരു മാർച്ച് മാസ ഞായാറാഴ്ചയെ കൊന്ന
മൾട്ടി ലെവൽ മാർക്കറ്റിംഗ് മീറ്റിംഗിലെ 
വിജയികളുടെ ഹാലേലൂയ അലർച്ചകൾ-
ക്കിടയിലെ ഇടവേളകളിലൊക്കെയും 
നിന്നെ ഞാൻ വിളിച്ചുകൊണ്ടേയിരുന്നു, 

ഒടുങ്ങുന്ന ഓരോ മണിയൊച്ചയോടൊപ്പം 
ഇവിടാരുമില്ല, ഇവിടാരുമില്ലായെന്ന് 
നിന്റെ വീട് പറയുന്നത് 
മാത്രം ഞാൻ കേട്ടില്ല 

രണ്ടു ദിവസം കൂടി കഴിഞ്ഞാണ് 
സംശയദൃഷ്ടിയോടെ എന്നെ നോക്കി 
നീ ആശുപത്രിയിലാണെന്ന് 
ജോബി പറഞ്ഞത് 

ആർക്കും പ്രവേശനമില്ലയെന്ന ബോർഡും, 
മുറിക്ക് പുറത്ത് നിൽക്കുന്ന നിന്റെ 
അച്ഛനേയും അമ്മയേയും ഞാൻ കണ്ടില്ല, 
ഇലക്ട്രോടുകൾ ഒട്ടിച്ച നീയും, 
നിറഞ്ഞ കണ്ണുകളും മാത്രമായിരുന്നു മുന്നിൽ, 

സത്യമായും ഉറക്കമില്ലാത്തതിനാലാണെന്ന 
നിന്റെ വാക്കുകളെ കള്ളം കള്ളമെന്ന് 
കൈത്തണ്ടയിൽ ബ്‍ളെയ്ഡുകൾ പണ്ട് 
വരഞ്ഞ ചിത്രങ്ങൾ വിളിച്ചു പറയുന്നുണ്ടായിരുന്നു 

നീ സുഖമില്ലാതെ ആശുപത്രിയിലാണെന്ന് 
വീട്ടിൽ പറഞ്ഞപ്പോളാണ് 
മീറ്റിംഗിന് പോയ തലേ രാത്രിയിൽ 
മറുതലയ്ക്കൽ ശബ്ദമില്ലാത്ത മൂന്നു 
ഫോൺ കോളുകളെക്കുറിച്ച് അച്ഛൻ പറഞ്ഞത് 

അതു നീ തന്നെയാണെന്നെനിക്കറിയാം, 
അത് ഞാനെടുത്തിരുന്നെങ്കിൽ ഒരുപക്ഷേ 
നീ ഇങ്ങനെ കിടക്കുകയില്ലായിരുന്നിരിക്കും, 
നിന്റെ ഉറക്കമില്ലായ്മ നമ്മുടെ 
വർത്തമാനത്തിലലിഞ്ഞ് ഇല്ലാതാകുമായിരുന്നു,

തൊലിപ്പുറ സൌഹൃദമെന്ന 
കപടതയെ കുടഞ്ഞുകളഞ്ഞ് 
നമ്മുക്ക് പ്രണയിക്കാമായിരുന്നു, 
രാത്രിയെന്ന് നീ കരുതും മുന്നേ 
പകൽ കടന്നുവന്നേനെ, 

നീ ഒരിക്കലും ഉറക്കത്തിന് വേണ്ടി 
ഗുളികകൾ കഴിക്കില്ലായിരുന്നു, 
ഡിസ്ചാർജായിക്കഴിഞ്ഞ് വെളുപ്പിന് 
നാല്പത് കിലോമീറ്റർ ബൈക്കോടിച്ച്, 
തണുത്ത കൈ നെറ്റിയിൽ വച്ച്  
നിന്നെയുണർത്താൻ ഞാൻ വരില്ലായിരുന്നു 

എത്ര മാർച്ച് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു 
നിനക്കിപ്പോഴും ഉറക്കമില്ലെന്ന് 
പറഞ്ഞെന്തിനാണ് മെയിലയക്കുന്നത് ?
നാല്പത്  കിലോമീറ്ററിന്റെ ദൂരമിപ്പോൾ
നാല്പതിനായിരം കിലോമീറ്റർ ആയിരിക്കുന്നു 
ആ ബൈക്ക് എണ്ണായിരം രൂപയ്ക്ക് 
വിറ്റിട്ട് വർഷമെത്ര കഴിഞ്ഞിരിക്കുന്നു 

സൌഹൃദമെന്ന തൊലിപ്പുറം ദ്രവിച്ചു കഴിഞ്ഞു, 
പ്രണയമെന്ന മജ്ജയും മാംസവും പണ്ടേയില്ലാതായി 
ജീവിതമെന്ന് എല്ലിൻകഷ്ണങ്ങൾ 
തലകാട്ടാൻ തുടങ്ങിയിട്ട് നാളേറെയായി 

ഉറക്കഗുളികകൾക്ക് പകരം 
നീ മറ്റുവല്ലതും കണ്ടെത്തേണ്ട 
കാലം അതിക്രമിച്ചിരിക്കുന്നു